പോക്കറ്റടിക്കാരുടെ സ്കൂളുകളും സിലബസും


 പോക്കറ്റടിക്കാരുടെ സ്കൂളുകളും സിലബസും

പോക്കറ്റടിക്കാര്‍ക്കും സ്കൂളുകളുണ്ടോ, സിലബസുണ്ടോ. അതും ഇന്ത്യയില്‍. കേൾക്കുമ്പോൾ വിസ്മയിച്ചേക്കാം. പക്ഷേ വാസ്തവമാണ്. ഉത്തരേന്ത്യയിൽ പോക്കറ്റടി പരിശീലിപ്പിക്കുന്ന നൂറുകണക്കിന് പാഠശാലകളുണ്ട്. ഏറ്റവും കൂടുതൽ പോക്കറ്റടി നടക്കുന്ന ബീഹാർ,ജാർഖണ്ഡ് ,ഉത്തർപ്രദേശ് ,ഡൽഹി,മുംബൈ എന്നിവിടങ്ങളിലാണ്  ഈ അനധികൃത ട്രെയിനിങ് സ്‌കൂളുകൾ നടക്കുന്നത്.ഒരു പോക്കറ്റടി ടീമിൽ 4 പേരാണുണ്ടാകുക.ആദ്യത്തെയാൾ ലക്‌ഷ്യം കൃത്യമായി കണ്ടെത്തുന്നു. 

രണ്ടാമൻ പോക്കറ്റിൽ ബ്ലേഡ് കൊണ്ട് പോറലുണ്ടാക്കുന്നു,മൂന്നാമൻ പേഴ്‌സ് അല്ലെങ്കിൽ പണം അതിവിദഗ്ദ്ധമായി കൈക്കലാക്കുന്നു. നാലാമൻ ആ പണവുമായി രക്ഷപെടുന്നു. ഇതാണ് വളരെ പ്ലാനിങ് ആയി നടക്കുന്ന പോക്കറ്റടിവിദ്യ.പിടിക്കപ്പെട്ടാൽ മറ്റുള്ള മൂന്നുപേർ ചേർന്ന് പിടിക്കപ്പെട്ടവനെ രക്ഷിക്കാൻ ശ്രമിക്കുന്നു.നടക്കാതെ വന്നാൽ മൂന്നുപേരും ചേർന്ന് പിടിക്കപ്പെട്ടവനെ മർദ്ദിച് ആൾക്കൂട്ടത്തിൽനിന്ന്  പുറത്തുകൊണ്ടുവന്നു രക്ഷപ്പെടു ത്തുന്നു. പോലീസിലകപ്പെട്ടാൽ കൈക്കൂലി കൊടുത്ത് രക്ഷപെടാൻ ശ്രമിക്കും. നടന്നില്ലെങ്കിൽ കേസിനുള്ള പിഴ വക്കീൽ മുഖാന്തിരം അടച്ചു രക്ഷപ്പെടുകയാണ് പതിവ്. ഇല്ലെങ്കിൽ കേസ് നടത്തുന്നതിനും ഗ്രൂപ്പ് തയ്യറാണ്. ചെലവുകൾക്കു  മറ്റു ഗ്രൂപ്പുകളുടേയും സഹായമുണ്ടാകും.

പോക്കറ്റടിയുടെ ട്രെയിനിങ് ഒരു മാസമാണ്. പരിശീലകനെ ഗുരുജി എന്നാണ് വിളിക്കുന്നത്. ട്രെയിനിങ്ങിനു ഫീസില്ലെങ്കിലും പോക്കറ്റടിയിലൂടെ അവർക്കു കിട്ടുന്ന പണത്തിന്റെ 10 % കമ്മീഷനായി നല്കണം.അതിൽ കൃതൃമം അനുവദിക്കില്ല. ട്രെയിനിങ് പൂർത്തിയാക്കുന്ന വ്യക്തികളെ ചെറിയ ചെറിയ ടൗണുകളിലാണ് ആദ്യം അയക്കുക. ഇവരെ വിളിക്കുന്നത് 'മെട്രിക്ക്' എന്നാണ്. ആറുമാസം അവിടെ പോക്കറ്റടി പരിശീലനം പൂർത്തിയാക്കിയാൽ മാത്രമേ വലിയ പട്ടണങ്ങളിലേക്കു പ്രൊമോഷൻ നൽകുകയുള്ളൂ അപ്പോഴിവർ അറിയപ്പെടുന്നത് BA ക്കാർ എന്നാണ്.

മുംബൈ,കൊൽക്കത്ത,ഡൽഹി എന്നിവിടങ്ങളിൽ പ്രവർത്തിക്കുന്ന പോക്കറ്റടിക്കാരെ മാസ്റ്റർമാർ എന്നാണ് വിളിക്കുക.നാലുപേരായി പോക്കറ്റടിക്കു നീങ്ങുന്ന ഗ്രൂപ്പിന്റെ കയ്യിൽ ബ്ലേഡ് , ഫെവിക്കോൾ,കത്രിക,ടേപ്പ് എന്നിവയു ണ്ടാകും. ബ്ലേഡ് മുറിച്ചു വിരലുകൾക്കിടയിൽ ഫെവിക്കോളും, ടേപ്പും ചേർത്ത് വിദഗ്ദ്ധമായി ഒട്ടിച്ചുവയ്ക്കും. ബ്ലേഡ് ഉപയോഗിക്കാൻ പറ്റാത്ത സ്ഥലങ്ങളിൽ കത്രികയാണ് രക്ഷകൻ. പോക്കറ്റിന്റെ ഒരിഞ്ചു മുകളിലായാണ് ബ്ലേഡ് കൊണ്ട് മുറിക്കുക. കാരണം പോക്കറ്റിലുള്ള നാണയങ്ങൾ താഴെ വീഴാതിരിക്കാനാണിത്.


പണം കൈവശമുള്ള വ്യക്തികളെ ആദ്യം ടാർജറ്റ് ചെയ്യുന്നു.  അവർ ബസിൽ,ട്രെയിനിൽ,തിയേറ്ററിൽ ഒക്കെ കയറുന്ന സമയത്താണ് ഓപ്പറേഷൻ പ്രാവർത്തികമാക്കുക. വ്യക്തികളുടെ ശ്രദ്ധ മറ്റൊന്നിലാകുന്ന അവസരം ഉടനടി മുതലെടുക്കുകയും, പണാപഹരണം നടത്തി അത് അവസാനവ്യക്തിയുടെ കയ്യിലെത്തി ക്കുകയുമാണ് പതിവ്. പണവുമായി അയാൾ ഞൊടിയിടയിൽ അവിടെനിന്നും മുങ്ങുന്നു.ഇനി അഥവാ പണം കൈക്കലാക്കാൻ കഴിയാതെവന്നാൽ ആ വ്യക്തിക്കൊപ്പം യാത്രചെയ്യുകയാണ് രണ്ടാം ഘട്ടം. യാത്രയ്ക്കിടെ അവസരം നോക്കി പണം കൈക്കലാക്കിയിരിക്കും.

ആളുകളുടെ ശ്രദ്ധ തിരിച്ചുവിടാനുള്ള ട്രയിനിങ് ആണ് പ്രധാനം.  ചായ കുടിച്ചശേഷം അറിയാത്ത മട്ടിൽ അത് ആളുകളുടെ വസ്ത്രത്തിലൊഴിക്കുക , മറ്റൊരു പേഴ്‌സ് തറയിലിട്ട് അത് ചൂണ്ടിക്കാട്ടി എടുപ്പിക്കുക, നാണയത്തുട്ടുകൾ , നോട്ടുകൾ ഇവ മുൻകൂട്ടി തറയിലിടുക ഇതൊക്കെയാണ് അതിൽ പ്രധാനം.പോക്കടിക്കാരുടെ നെറ്റ്‌വർക് ഇന്ത്യയൊട്ടാകെ വ്യാപിച്ചിരിക്കുകയാണ്. ബീഹാർ, ജാർഖണ്ഡ് സംസ്ഥാനങ്ങളിലെ എല്ലാ നഗരങ്ങളിലും ഇവർ സജീവമാണ്. രാജ്യത്തെ വിവിധ സ്ഥലങ്ങളിലെ ആഘോഷങ്ങളുടെയും, മേളകളുടെയും ഉത്സവങ്ങളുടെയും കലണ്ടർ ഇവരുടെ കൈവശമുണ്ട്. 

അതനുസരിച്ചാണ് പല പല ടീമുകളെ അവിടേക്കയക്കുന്നത്‌.ജാർഖണ്ഡിലെ സാഹേബ്‌ഗാംച്‌  ഏരിയ യിലുള്ള പോക്കറ്റടി ട്രെയിനിങ് കേന്ദ്രങ്ങളിൽ 100 കണക്കിനാൾ ക്കാരാണ്‌ പരിശീലനം എടുക്കുന്നത്.


ഇത്തരത്തിലുള്ള ട്രെയിനിങ് സെന്ററുകൾ പല ഭാഗങ്ങളിൽ നടക്കുന്നുണ്ട്. പലതും പോലീസ് അറിഞ്ഞും ചിലത് അവർ അറിയാതെയും. ഡൽഹിയിലെ ഭജനപുര ,പാറ്റ്നയിലെ റോഡാഗലി ഒക്കെയാണ് മുഖ്യ പരിശീലനകേന്ദ്രങ്ങളെന്ന് പിടിക്കപ്പെട്ട പോക്കറ്റടിക്കാർ വെളിപ്പെടുത്തിയിട്ടുണ്ട്..

അത്ഭുതകരമായ മറ്റൊരു വസ്തുത എന്തെന്നാൽ കൊച്ചുകുട്ടികളും ,സ്ത്രീകളും വരെ ഇപ്പോൾ പോക്കറ്റടിക്കുള്ള ട്രെയിനിങ് എടുക്കുന്നു എന്നതാണ്.ഉറങ്ങുന്നവരുടെ മൊബൈൽ അടിച്ചുമാറ്റുക, ബാഗുകൾ തുറന്നു പണവും സാധനങ്ങളും ആഭരണങ്ങളും കവരുക ഇതിലൊക്കെയാണ് ഇവർ വൈദഗ്ദ്ധ്യം നേടിയിട്ടുള്ളത്.ഡൽഹി മെട്രോ സ്റ്റേഷനിൽ ഈ വര്ഷം ഇതുവരെ പിടിക്കപ്പെട്ടിട്ടുള്ള 1311 പോക്കറ്റടിക്കാരിൽ  1222 പേർ സ്ത്രീകളും ,കുട്ടികളുമാണ് . 

അതായത് മൊത്തത്തിന്റെ 93 %. പോക്കറ്റടിക്കാർക്കു നൽകുന്ന ട്രെയ്‌നിംഗിൽ ആളുകളുടെ ശ്രദ്ധതിരിക്കാനും,പണം അപഹരിക്കാനും ,രക്ഷപെടാനുമുള്ള നൂതനവിദ്യകളാണ് അഭ്യസിപ്പിക്കുന്നത്.



No comments:

Post a Comment