Kanthara - കാന്താരയിലെ വരാഹരൂപം


കാന്താരയിലെ വരാഹരൂപം

 ‘കാന്താര’ എന്ന സിനിമയിലെ അലറുന്ന പഞ്ചുരുളിയെന്ന വരാഹരൂപം എന്താണ്? പലര്‍ക്കും കൗതുകം തോന്നുന്ന വരാഹരൂപത്തെ കുറിച്ച ചില കാര്യങ്ങള്‍ ഇതാ.

കന്നഡ ഭാഷയില്‍ ഇറങ്ങിയ സൂപ്പര്‍ ഹിറ്റ് സിനിമയായ കാന്താര കാണുന്ന പ്രേക്ഷകന് പഞ്ചുരുളിയുടെ ഭയപ്പെടുത്തുന്ന അലർച്ച തിയറ്റർ വിട്ടിറങ്ങിയാലും  വിട്ടുപോകില്ല. ഛായാഗ്രഹണവും , ഗ്രാഫിക്സും , സംവിധാനവും ഒന്നാന്തരമായ കാന്താരയിൽ ഏറ്റവും മികച്ച തിയറ്റർ അനുഭവമാണു സിനിമ നൽകുന്നത്. സിനിമാ മേഖല ഇതുവരെ പറയാതിരുന്ന തുളുനാട്ടിന്റെ വിശ്വാസങ്ങളാണ് മലയാളികളെയടക്കം തിയറ്ററിൽ പിടിച്ചിരുത്തുന്ന എക്സ് ഫാക്ടർ.


ദക്ഷിണ കന്നഡയും അത്യുത്തര കേരളവും ചേരുന്ന, അതിർത്തികളൊന്നും കൃത്യമായി നിർവചിക്കാൻ പോലുമാകാത്ത ഭൂപ്രദേശമാണു തുളുനാട്. മലയാളവും , കന്നഡയും കൂടാതെ തുളുവും സംസാരിക്കുന്നവരുടെ മണ്ണ്. കേരളത്തിൽ കണ്ണൂരിനും , കാസർകോടിനും തെയ്യം എന്താണോ, അതാണ് തുളുനാട്ടുകാർക്കു ഭൂതക്കോലങ്ങള്‍. കാസർകോട് ജില്ലയുടെ പല ഭാഗങ്ങളിലും തെയ്യവും ഭൂതക്കോലവും ഇടകലർന്ന് വിശ്വാസത്തിന്റെ ഭാഗമാകുന്ന തറവാടുകളും , ദേവസ്ഥാനങ്ങളുമുണ്ട്. അവിടങ്ങളിലുണ്ട് കാന്താരയിലെ പഞ്ചുരുളിയെന്ന വരാഹരൂപം.

മലയാളികള്‍ക്ക് കേൾക്കാൻ അത്ര സുഖമില്ലാത്ത വാക്കാണ് പഞ്ചുരുളിയെന്നത്. ഈ വാക്ക് മലയാളം അല്ല എന്നതു തന്നെയാണ് അതിനു കാരണം. തുളുവിൽ പഞ്ച് എന്നാൽ പന്നി എന്നാണർഥം. പഞ്ചുരുളി ഭൂതക്കോലത്തിന്റെ സങ്കൽപവും മറ്റൊന്നല്ല. നാടും കാടും തമ്മിൽ പ്രത്യേകിച്ച് അതിരുകളൊന്നുമില്ലാതിരുന്ന കാലത്ത് മഴയെയും ഇടിമിന്നലിനെയും വരെ ആരാധിച്ചിരുന്ന മനുഷ്യർ വന്യമൃഗങ്ങളെയും ദൈവമാക്കിയതാകണം. അങ്ങനെയാണ് പുലിയും , നരിയും , പന്നിയും , മുതലയും , നാഗവും അവിടെ തെയ്യക്കോലങ്ങളായി ഇപ്പോഴും അവതരിക്കുന്നത്.

തെയ്യങ്ങളെക്കുറിച്ചുള്ള പുരാവൃത്തങ്ങൾ ഇന്നത്തെക്കാലത്ത് അനായാസം ലഭിക്കുമെങ്കിൽ ഭൂതക്കോലങ്ങളുടെ കാര്യം വ്യത്യസ്തമാണ്. ഭൂതത്തോറ്റങ്ങൾ തുളു ഭാഷയിലാണു ചിട്ടപ്പെടുത്തിയത്. കോലങ്ങൾ ആടിക്കഴിഞ്ഞ് അവസാനം മൊഴി പറയുന്നതിനും പ്രധാന ഭാഷ തുളുവാണ്. കാസർകോട് ചിലയിടങ്ങളിൽ മലയാളവും , കർണാടകയിൽ കന്നഡയും സംസാരിക്കാറുണ്ടെന്നു കോലക്കാർ പറയുന്നു. അതുകൊണ്ടു തന്നെ പഞ്ചുരുളിയുടെ യഥാർഥ കഥയെന്തെന്നു തെയ്യം പല തവണ കണ്ടിട്ടുള്ളവർക്കു പോലും പിടികിട്ടണമെന്നില്ല. കോലത്തിന്റെ കാര്യത്തിലും ഭൂപ്രദേശങ്ങൾ അനുസരിച്ചു പഞ്ചുരുളിക്കു ചെറിയ വ്യത്യാസങ്ങളുള്ളതായി കാണാം. പക്ഷേ വിശ്വാസം എല്ലായിടത്തും ഒന്നു തന്നെ.

ഭൂതങ്ങള്‍ വടക്കുനിന്ന് തുളുനാട്ടിലേക്ക് എത്തിയെന്നാണു വിശ്വാസം. കുന്നിൽ ജനിച്ചു, കുന്നിൽ വളർന്നതാണു പഞ്ചുരുളിയെന്നു ഭൂതത്തോറ്റത്തിൽ വിവരിക്കുന്നു. കർണാടകത്തിലെ കുക്കെയിലെത്തി സുബ്രഹ്മണ്യനെ കണ്ട് അനുഗ്രഹം വാങ്ങിയാണ് പഞ്ചുരുളി തുളുനാട്ടിലെത്തിയതെന്നു പറയുന്നു . കാസർകോട് കുംബഡാജെയിലെ കോലക്കാരൻ കലയപ്പാടി (കലയപ്പാടി എന്നതൊരു സ്ഥാനപ്പേരാണ്, പെരുവണ്ണാൻ, പണിക്കർ എന്നൊക്കെ പറയും പോലെ). തുളുനാട്ടിലെത്തിയ പഞ്ചുരുളി രാജാക്കൻമാരെ സംരക്ഷിച്ചു പോന്നുവെന്നും പറയപ്പെടുന്നു. കാന്താര സിനിമയിൽ ദൈവത്തിനു പകരം ഭൂമി വിട്ടുകൊടുത്ത രാജാവിന്റെ കഥ ഈ പശ്ചാത്തലത്തിലാണ്.


പഞ്ചുരുളിയെക്കുറിച്ച് വെറുതെ ഒരു വാക്കു പോലും മിണ്ടരുതെന്നാണ് കോലക്കാരുടെ വിശ്വാസം. മന്ത്രവാദങ്ങളിലൂടെ പഞ്ചുരുളിയെ പൂർണമായും നിയന്ത്രിക്കാനാകില്ലെന്നും എന്തൊക്കെ ചെയ്താലും സ്വന്തം ക്രമം അനുസരിച്ചു മാത്രമായിരിക്കും പഞ്ചുരുളി മുന്നോട്ടുപോകുകയെന്നും ഭൂതക്കോലം കെട്ടുന്നവർ വിശ്വസിക്കുന്നു.കർണാടകയിലെ പഞ്ചുരുളിയെയാണ് കാന്താര സിനിമയിൽ അവതരിപ്പിച്ചിരിക്കുന്നത്. കാസർകോട് ജില്ലയിലെ തറവാടുകളിലും , ദേവസ്ഥാനങ്ങളിലും തെയ്യക്കാലങ്ങളിൽ ചെന്നാൽ പഞ്ചുരുളി തെയ്യങ്ങളെ നേരിട്ടു കാണാം.

 രാത്രി ഏകദേശം എട്ടു മണിയോടെയാണ് പഞ്ചുരുളിയുടെ തോറ്റം തുടങ്ങുന്നത്. കോലക്കാർ കാക്കി നിറമുള്ള കാൽമുട്ടിനു താഴെവരെയുള്ള പാന്റ്സ്, കൈ മറയ്ക്കുന്ന അര വരെയുള്ള കാക്കി നിറമുള്ള വസ്ത്രം എന്നിവയാണു ധരിക്കുക. ചെറിയ ചെണ്ട കൊട്ടി തുടങ്ങുന്ന തോറ്റം ആദ്യം പതിഞ്ഞ താളത്തിലായിരിക്കും. ഇതിനിടെ ചെറിയ ചുവടുകളും അലർച്ചകളുമായാണു കോലക്കാരന്റെ പ്രകടനം. വൈകാതെ തന്നെ ചുവടുകൾക്കു വേഗതയും , മുഖത്ത് രൗദ്രഭാവവും വരും. സാധാരണ തെയ്യങ്ങൾക്കു ധരിക്കുന്ന കാൽചിലമ്പല്ല പഞ്ചുരുളിയുടേത്. ഭാരത്തിലും , ശബ്ദത്തിലും വ്യത്യാസമുണ്ടാകും. ഭക്തരിൽ ചിലർക്കു മുന്നിൽ രണ്ടു ചിലമ്പുകളും കൈകളിലേന്തി ശബ്ദമുണ്ടാക്കിയുള്ള പഞ്ചുരുളിയുടെ നിൽപ്പ് കണ്ട്  ദർശനം കിട്ടി എന്ന് വിചാരിച്ച് വിറയ്ക്കുകയും  താഴെ വീഴുകയും ചെയ്യും. 

പഞ്ചുരുളി ചുവടു വയ്ക്കുന്ന ഇടത്ത് വാഴപ്പോള ഉപയോഗിച്ച് കളം നിർമിക്കും. ഇതിനകത്തുനിന്നാണ് പഞ്ചുരുളി ആടുന്നത്. തോറ്റം കഴിഞ്ഞ് കോലക്കാരൻ മുഖത്തെഴുത്തു വരച്ച് വീണ്ടും ചുവടുവച്ചു തുടങ്ങും. കുരുത്തോല കീറിയൊതുക്കി അരയിൽ കെട്ടും. തുടർച്ചയായുള്ള ചുവടുകള്‍ക്കിടെ തോറ്റം തെയ്യമായി മാറാൻ ആവശ്യമുള്ളതെല്ലാം കോലക്കാരൻ ദേഹത്ത് അണിഞ്ഞു കൊണ്ടിരിക്കും. ഏറ്റവുമൊടുവിൽ തലയിൽ ഓല കൊണ്ടുള്ള കിരീടവും അണിഞ്ഞാണു തെയ്യം അവസാനിക്കുക. രാത്രി എട്ടു മണിക്കു തുടങ്ങുന്ന തെയ്യം പൂർണരൂപത്തിലേക്ക് എത്താൻ പിറ്റേ ദിവസം പുലർച്ചെ ആറു മണി വരെയൊക്കെയാണു സാധാരണ എടുക്കുന്ന സമയം.ഭക്തർക്ക് അനുഗ്രഹവും നൽകി പിരിയുമ്പോഴേക്കും വെയിലെത്തിയിട്ടുണ്ടാകും. തെയ്യം ഉറഞ്ഞാടുന്ന സമയങ്ങളിൽ പല തവണ പുരോഹിതൻ പ്രത്യേക പൂജകളും , ചടങ്ങുകളും നടത്തുന്നതും കാണാനാകും.

ചുവന്ന പട്ട്, കമുകിന്റെ പാള, കുരുത്തോല, ചെത്തിപ്പൂ തുടങ്ങിയവയാണ് പഞ്ചുരുളിയുടെ അലങ്കാരത്തിനായി സാധാരണ ഉപയോഗിക്കാറ്. കേരളത്തിലെ പഞ്ചുരുളിക്ക് വീക്കൻ ചെണ്ടയാണ് സാധാരണ ഉപയോഗിക്കാറെങ്കിൽ കർണാടകയിലെത്തുമ്പോൾ ഡോലും , നാദസ്വരവുമൊക്കെ അകമ്പടിയായി കടന്നുവരും. ഇതിനു പുറമേ കണ്ണൂരിൽ പഞ്ചുരുളിയെ അരാധിക്കുന്ന കാവുകളുമുണ്ട്. ഇവിടങ്ങളിലെ തെയ്യക്കോലവും , ചടങ്ങുകളും മുകളിൽ പറഞ്ഞ രീതികളിൽനിന്നെല്ലാം വ്യത്യസ്തമാണ്. ഈ തെയ്യം കെട്ടിയാടാനുള്ള അവകാശം മലയൻ വിഭാഗക്കാരിലെ കലാകാരൻമാർക്കാണെങ്കിൽ തുളുനാട്ടിലെ പഞ്ചുരുളിക്കോലം നാൽക്കതായ (കോപ്പാള) വിഭാഗക്കാരുടെ ജന്മാവകാശമാണ്.

ഉത്തരകേരളത്തിന്റെ സാംസ്‌കാരിക വൈവിധ്യത്തെ വിളിച്ചോതുന്ന തെയ്യം കലാരൂപം ഒരേ സമയം ഭക്തിയും അത്ഭുതവും സമ്മാനിക്കുന്ന ഒന്നാണ്. അവയിൽ ഒന്നാണ് വരാഹി (പന്നി) സങ്കല്‍പ്പത്തിലുള്ള പഞ്ചുരുളി തെയ്യം ( Panjuruli Theyyam ). ആദിവാസി ഗോത്രത്തിന്റെ കാവുകളില്‍ കെട്ടിയാടുന്ന പഞ്ചുരുളി തെയ്യം കോഴികളെ പച്ചയ്ക്ക് ഭക്ഷിക്കുന്ന ചുരുക്കം ചില തെയ്യങ്ങളിൽ ഒന്നാണ്. ആദിവാസി ഗോത്ര സമൂഹത്തില്‍പ്പെട്ട സമുദായത്തിന്റെ കളിയാട്ട കാവുകളിലെ തെയ്യത്തിന് ഭക്തര്‍ കാണിക്കയായി സമര്‍പ്പിക്കുന്ന കോഴികളെ അവരുടെ മുന്നില്‍ വച്ച് തന്നെ പച്ചയ്ക്ക് ഭക്ഷിക്കുക എന്നതാണ് ചടങ്ങ്.

പതിനാറ് അവതാര മൂര്‍ത്തികളെ ഒരേ തെയ്യക്കോലത്തില്‍ പൂര്‍ത്തിയാക്കുന്ന പഞ്ചുരുളി തെയ്യത്തിന്റെ അവസാനമാണ് കോഴി കഴിക്കല്‍ ചടങ്ങ് നടക്കുന്നത്. ചെണ്ട മേളത്തിന്റെ അസുരതാളത്തില്‍ ഉറഞ്ഞ് തുള്ളുന്ന പഞ്ചുരുളി തെയ്യം ഭക്തര്‍ നല്‍കുന്ന പൂവന്‍ കോഴികളെ മഞ്ഞള്‍ പ്രസാദം ഇട്ട് സ്വീകരിക്കും. തുടര്‍ന്ന് കോഴികളെ അരയാടയില്‍ കെട്ടി പ്രദിക്ഷണം വെക്കും. തുളു ഭാഷയില്‍ ആര്‍ത്തുചൊല്ലി മൊഴി പറഞ്ഞുകൊണ്ടാണ് തെയ്യം കോഴികളെ പച്ചയോടെ ഭക്ഷിക്കുന്നത്.

ശുംഭാസുരനെയും , നിശുംഭാസുരനെയും നിഗ്രഹിക്കാന്‍ ദേവി അവതാരമെടുത്തപ്പോള്‍ സഹായത്തിനായി മഹേശ്വരന്റെ ഹോമകുണ്ടത്തില്‍ നിന്ന് ഉയര്‍ന്നു വന്ന ഏഴു ദേവിമാരില്‍ പ്രധാനിയാണ്‌ വരാഹി രൂപത്തിലുള്ള പഞ്ചുരുളി എന്നാണ് വിശ്വാസം.  പഞ്ചിയുരുകാളിയാണ്‌ പഞ്ചുരുളിയായി മാറിയതത്രെ!

പഞ്ചവീരന്മാരെ വധിച്ചു ഭൂമിയില്‍ ഐശ്വര്യം വിതയക്കാന്‍ അവതരിച്ച കാളി പന്നി രൂപമെടുത്ത കാളിയാണ്‌. തുളു നാട്ടില്‍ നിന്നെത്തിയ ദേവി കുളൂര്‍ മാതാവിന്റെ ആവശ്യപ്രകാരം അസുരനെ ശൂലം കൊണ്ട് കൊന്നു ഒഴിച്ചതിനാല്‍ വാഗ്ദാന പ്രകാരം പട്ടുവം കടവില്‍ ഇടം നേടിയ ഐതിഹ്യമുണ്ട് പഞ്ചുരുളിക്ക്. അത് കൊണ്ട് തന്നെ കാസര്‍കോടിന് കിഴക്കുള്ള കാവുകളിൽ തെയ്യവും മറ്റ് സ്ഥലങ്ങളിലെ തെയ്യവും തമ്മിൽ കെട്ടിലും മട്ടിലും പ്രകടമായ വ്യത്യാസം കാണാൻ സാധിക്കും.


നൃത്തത്തിന്റെ മൂർദ്ദന്യത്തില്‍ ഭക്തരുടെ നേര്‍ക്ക് ഓടി അലറി ബഹളം വയ്ക്കുകയും ചെയ്യും. ഇതെല്ലാം കഴിഞ്ഞ ശേഷം ശാന്തമായിരുന്ന്‍ ഭക്തര്‍ക്ക് അനുഗ്രഹം കൊടുക്കുകയും ചെയ്യും. മലയന്‍, വേലന്‍, മാവിലന്‍, കോപ്പാളന്‍, പമ്പത്താര്‍ എന്നീ ജാതിക്കാരാണ് ഈ തെയ്യം കെട്ടുന്നത്.

ചില കാവുകളില്‍ ദേവിക്ക് പ്രതീകാത്മകമായി മൃഗബലിയും നടത്താറുണ്ട്‌. രുദ്ര മിനുക്ക്‌ എന്നാണ് പഞ്ചുരുളിയുടെ മുഖത്തെഴുത്തിന് പറയുക. പഞ്ചുരുളി തെയ്യത്തിന്റെ സഹോദരി തെയ്യമെന്ന് വിശേഷിപ്പിക്കുന്ന തെയ്യക്കോലമാണ് കല്ലുരുട്ടി. പഞ്ചുരുളി കോഴികളെ പച്ചയോടെ ഭക്ഷിക്കുമ്പോള്‍ സഹായത്തിന് കൂടെ നിൽക്കുന്നത് ഈ കല്ലുരുട്ടി തെയ്യമാണ്. നീണ്ട പന്ത്രണ്ട് മണിക്കൂര്‍ നേരം ഉറഞ്ഞാടുന്ന പഞ്ചുരുളി തെയ്യം ഉത്തര കേരളത്തിലെ തെയ്യാട്ട കഥയിലെ വത്യസ്തമായ ഒരാവിഷ്ക്കാരമാണ്.

വരാഹ സങ്കല്പത്തിലുള്ള ദൈവം പ്രകൃതിയെയും തന്റെ മക്കളെയും ചേർത്ത് പിടിക്കുന്നു. ഒപ്പം ക്ഷേത്രപാലകൻ ആയി ശക്തനായ ഗുളികനും.ഉഗ്രരൂപി ആണെങ്കിലും അമ്മ ഭാവത്തിൽ ഉള്ള ദൈവം ആയതിനാൽ പഞ്ചുരുളി വാക്ക് തെറ്റിക്കുന്നവരോട് ക്ഷമിച്ചേക്കുമെന്ന് പറയുന്നുണ്ട്. എന്നാൽ ഗുളികന് അങ്ങനെ യാതൊരു നോട്ടവുമില്ല. തന്റെ മക്കളുടെ ഓരോ തുള്ളി ചോരയ്‌ക്കും ഗുളികൻ എണ്ണിയെണ്ണി കണക്ക് ചോദിക്കുക തന്നെ ചെയ്യും.

ദക്ഷിണ ഭാരതത്തിൽ ഉള്ളവർക്ക് ഏറെ സുപരിചിതൻ ആണ് ഗുളികൻ. കുടുംബ ക്ഷേത്രങ്ങളിൽ ഗുളികന് കൊടുക്കുക എന്നത് വടക്കൻ കേരളത്തിൽ ഒരു പതിവുള്ള കാര്യമാണ്.പൊരിയും കരിക്കും കിട്ടിയാൽ ഗുളികന് സന്തോഷമായി.രൗദ്ര മൂർത്തി ആയി താണ്ഡവമാടുന്ന ഗുളികന് ഭക്തർ ഒരു ചാക്കിൽ പൊരി വച്ച് കൊടുക്കുമ്പോൾ ഒരു ഞൊടിയിടയിൽ ഗുളികന്റെ ആ സന്തോഷപ്രകടനമുണ്ട്.ഇതിനെ അനുസ്മരിച്ച് സിനിമയിൽ പൊരി തിന്നുമ്പോൾ ഗുളികൻ സന്നിവേശിച്ചിരിക്കുന്നതിന് കൂടിയാണ് നമ്മൾ സാക്ഷിയാകുന്നത് അഥവാ  അത്രയ്‌ക്ക് ഉൾക്കൊണ്ടുകൊണ്ടാണ് അദ്ദേഹം ആ വേഷപ്പകർച്ച ചെയ്തിരിക്കുന്നത് എന്ന് സാരം.ക്ലൈമാക്സിൽ ഗുളികനും , പഞ്ചുരുളിയും കൂടി നമ്മളെ എടുത്തെറിയുന്നത് നമ്മുടെ തന്നെ അസ്തിത്വത്തിലേക്കാണ് .

No comments:

Post a Comment