ജിന്നുകള്‍ സത്യമോ മിഥ്യയോ?


 ജിന്നുകള്‍ സത്യമോ മിഥ്യയോ?

അറബിമാന്ത്രികവും ഇസ്ലാം മത വിശ്വാസവുമായി ബന്ധപ്പെട്ടാണ് ജിന്നുകള്‍ എന്ന പേര് നാം കേള്‍ക്കുന്നത്. ആരാണ് ജിന്നുകള്‍. എന്താണ് ഇവരുടെ പ്രത്യേകത. ഇങ്ങനെയൊരു വിഭാഗം നിലവില്‍ ഉണ്ടോ. മനുഷ്യന്റെ മുന്‍ഗാമിയായി ഖുര്‍ആനില്‍ പരാമൃഷ്ടമായിട്ടുള്ള അദൃശ്യസൃഷ്ടികളാണ് ജിന്നുകള്‍ എന്ന് പറയപ്പെടുന്നത്. ജിന്ന്, പിശാച്, ചെകുത്താന്‍, സാത്താന്‍, ഭൂതം എന്നിങ്ങനെ പല പേരുകളില്‍ ഇവ അറിയപ്പെടുന്നു. അറബിക്കഥകളിലെ അമാനുഷ കഥാപാത്രം എന്ന നിലയിലാണ് ജിന്നുകള്‍ക്ക് ഏറെ പ്രചാരം. നേരില്‍ കാണാന്‍ കഴിയാത്തതിനാല്‍ യുക്തിവാദികളും ശാസ്ത്രീയ വിശകലനത്തിന് വഴങ്ങാത്തതിനാല്‍ ഭൗതികവാദികളും ജിന്നുകളെ നിഷേധിക്കുന്നു.


പരിശുദ്ധ ഖുര്‍ആനില്‍ 40-ഓളം സ്ഥലങ്ങളില്‍ ജിന്നുകളെക്കുറിച്ചു പരാമര്‍ശം ഉണ്ട്; 71-ാം അധ്യായം ജിന്നുകളെക്കുറിച്ചുള്ളതാണ്. ഖുര്‍ആന്‍ പരാമര്‍ശപ്രകാരം ജഗദീശ്വരന്റെ സൃഷ്ടികളില്‍ മനുഷ്യനെപ്പോലെയുള്ള രണ്ടു പ്രധാന വിഭാഗങ്ങളാണ് ജിന്നുകളും മലക്കുകളും. മനുഷ്യനെ സംബന്ധിച്ചിടത്തോളം അദൃശ്യമായ രണ്ടു ലോകങ്ങള്‍. മനുഷ്യരിലെന്നപോലെ ജിന്നുകളിലും നല്ലതും ചീത്തയും വിശ്വാസികളും അവിശ്വാസികളും ഉണ്ട്. അവിശ്വാസികളെയും നികൃഷ്ടന്മാരെയുമാണ് പിശാച്, ശെയ്ത്താന്‍ എന്നൊക്കെപ്പറയുന്നത്. ഇബ്ലീസും സൈന്യവും ആ വിഭാഗത്തിലെ പ്രബലന്മാരാണ്. വിശ്വാസികളെയാണ് പൊതുവില്‍ ജിന്നുകളെന്നു പറയുന്നത്. വിശ്വാസികളായ ജിന്നുകളെയും അവിശ്വാസികളായ പിശാചുക്കളെയും ചിലപ്പോള്‍ ജിന്നുകളെന്നു പറയാറുണ്ട്. ചുരുക്കത്തില്‍ പിശാച്, ചെകുത്താന്‍, ഇബ്ലീസ് എന്നൊക്കെപ്പറയുന്നത് പ്രത്യേക വര്‍ഗമല്ല, മറിച്ച് ജിന്നുകളില്‍പ്പെട്ട അവിശ്വാസികളാണ്. ജിന്നുകളിലെ ദുഷിച്ചവര്‍ക്ക് ശെയ്ത്താന്‍ എന്നു പറഞ്ഞതുപോലെ മനുഷ്യരിലെ ദുഷിച്ചവര്‍ക്ക് 'ശെയ്ത്താന്‍' എന്ന് ഖുര്‍ആന്‍ പറയാറുണ്ട്. എല്ലാ പ്രവാചകന്മാര്‍ക്കും മനുഷ്യരില്‍ നിന്നും ജിന്നുകളില്‍ നിന്നും ശെയ്ത്താന്മാരായ ശത്രുക്കളെ അല്ലാഹു സൃഷ്ടിച്ചിട്ടുണ്ട് എന്നു ഖുര്‍ആന്‍ പറയുന്നു.


ഖുര്‍ആന്‍ പരാമര്‍ശപ്രകാരം ശെയ്ത്താന്മാരും നല്ലവരും കൂടിയ ഈ ജിന്നുവിഭാഗത്തെ ഈശ്വരന്‍ മനുഷ്യനു മുമ്പേ സൃഷ്ടിച്ചിരുന്നു. ഭൂമിയില്‍, മനുഷ്യരുണ്ടാകും മുമ്പേ ജിന്നുകളുണ്ടായിരുന്നു. ഭൂമിയില്‍ അവരുടെ ആധിപത്യം നിലനിന്നിരുന്നു. അവ ജഗദീശ്വരന്റെ കല്പനകളെ നിഷേധിക്കുകയും അതിരുകടന്ന് അക്രമങ്ങളിലും അനീതികളിലും മുഴുകുകയും ചെയ്തപ്പോള്‍ ഈശ്വരന്‍ അവരെ ഭൂമുഖത്തുനിന്ന് ആട്ടിപ്പായിക്കുകയും തത്സ്ഥാനത്ത് മനുഷ്യരെ അധിവസിപ്പിക്കുകയുമാണുണ്ടായത്. ജിന്നുകള്‍ മനുഷ്യരെ സംബന്ധിച്ചിടത്തോളം അദൃശ്യരാണ്. എന്നാല്‍ അവ മനുഷ്യരെ കാണുന്നുണ്ട്. മാത്രമല്ല, മനുഷ്യന്റെ സ്വഭാവരൂപീകരണത്തിലും ഭാവി നിര്‍ണയത്തിലും വമ്പിച്ച സ്വാധീനം ചെലുത്തുന്നുമുണ്ട്. 'നിങ്ങള്‍ക്ക് ദൃശ്യമാകാത്ത തരത്തില്‍ അവനും അവന്റെ കൂട്ടുകാരും നിങ്ങളെ കണ്ടുകൊണ്ടേ ഇരിക്കുന്നു' (ഖു. 7:27).


ജിന്നുകളില്‍ സ്ത്രീകളും പുരുഷന്മാരുമുണ്ടെന്നും മനുഷ്യരെപ്പോലെ തന്നെ അവരിലും ഇണചേരലും സന്താനോത്പാദനവുമൊക്കെ നടക്കുന്നുണ്ടെന്നും ചില ഖുര്‍ആന്‍ വാക്യങ്ങളുടെ അടിസ്ഥാനത്തില്‍ ഖുര്‍ആന്‍ വ്യാഖ്യാതാക്കള്‍ അഭിപ്രായപ്പെടുന്നു. സാധാരണ മനുഷ്യര്‍ക്ക് അപ്രാപ്യമായ പല കാര്യങ്ങളും ഞൊടിയിടയില്‍ ചെയ്തു തീര്‍ക്കാന്‍ ജിന്നുകള്‍ക്കു കഴിയുമെന്ന് ഖുര്‍ആന്‍ സൂചിപ്പിക്കുന്നുണ്ട്. ജിന്നുകള്‍ക്ക് അദൃശ്യ കാര്യങ്ങളും വരാന്‍പോകുന്ന കാര്യങ്ങളും അറിയാമെന്നു ചിലര്‍ വിശ്വസിക്കുന്നു. അറബിജ്യോതിഷം കൈകാര്യം ചെയ്യുന്ന ഉസ്താദുമാര്‍, മൗലവിമാര്‍ തുടങ്ങിയവര്‍ ജിന്നിനെ സേവിച്ചു പ്രീതി വരുത്തി പ്രവചനങ്ങളും പ്രശ്ന പരിഹാരങ്ങളും ചെയ്യുന്നു.  എന്നാല്‍ ഖുര്‍ആന്‍ ഈ വിശ്വാസത്തെ അംഗീകരിക്കുന്നില്ല.

(കടപ്പാട് - പി.എച്ച്. അബ്ദുല്‍ ഗഫാര്‍ മൌലവി)


ഇതു കൂടി വായിക്കുക കാന്താരയിലെ വരാഹരൂപം

കൂടുതല്‍ ലേഖനങ്ങള്‍ക്ക് കട്ടന്‍ചായ ഓണ്‍ലൈന്‍ മാഗസിന്‍

No comments:

Post a Comment